ന്യൂഡൽഹി: തൃപ്പൂണിത്തുറയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച ഹൈകോടതി വിധിയെ പുകഴ്ത്തി സുപ്രീംകോടതി. കെ. ബാബുവിന്റെ വിജയം ശരിവെച്ച ഹൈകോടതി വിധി മികച്ചതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.
ഹൈകോടതി വിധി പൂർണമായി വായിച്ചെന്നും അതിൽ എന്താണ് പിഴവെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മികച്ച വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചത്. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നു. ഹൈകോടതി വിധിയിൽ തെറ്റായി എഴുതിയ ഒരു പാരഗ്രാഫ് എങ്കിലും കാണിച്ചുതരാൻ കഴിയുമോ എന്നും ജഡ്ജി ചോദിച്ചു.
അതേസമയം, വിധി മികച്ചതാണെന്ന അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആ യോജിപ്പ് ആദ്യ 50 പേജിൽ ഒതുങ്ങും. ഹൈകോടതി വിധിയിൽ അംഗീകരിച്ച ഭാഗം പരിശോധിച്ചാൽ പോലും അവ ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹൈകോടതി വിധിക്കെതിരായ എം. സ്വരാജിന്റെ ഹരജിയിൽ കെ. ബാബുവിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.