കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുള്ളതാണെന്നും പുറത്ത് വിടുന്നത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും നടൻ സിദ്ധിഖ്. കൊച്ചിയിൽ ചേർന്ന താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. നടി ജോമോൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിത ഭാരവാഹിയാണെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.
ഒഴിവുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പോസ്റ്റിലേക്ക് ജോമോളെ തെരഞ്ഞെടുക്കുകയായിരുന്നു. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതിയടക്കം ആലോചിക്കും. ഇനി പരാതി ഉണ്ടാവാതിരിക്കാൻ നിയമ വിദഗ്ദരുമായി ചർച്ച നടത്തുമെന്നും സിദ്ധിഖ് പറഞ്ഞു. പുതിയ കമ്മിറ്റി നടൻ സത്യന്റെ മകനെ അമ്മയിലേക്ക് സ്വാഗതം ചെയ്തതായും സിദ്ധിഖ് പറഞ്ഞു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണിൽ ബന്ധപ്പെടും. മെമ്പർഷിപ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. അർഹത ഉണ്ടായിട്ടും അമ്മയിൽ അംഗത്വം നൽകിയില്ലെന്ന് സതീഷ് സത്യൻ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനോടായിരുന്നു സിദ്ധിഖിന്റെ പ്രതികരണം.