മോസ്കോ: ദ്വിദിന റഷ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ റഷ്യൻ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാൻടുറോവ് സ്വീകരിച്ചു. ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
22ാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി വ്യാപാര, ഊർജ, പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകളിൽ ഒപ്പിടും. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്.
മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്താൻ ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് യാത്രതിരിക്കുന്നതിനുമുമ്പ് മോദി ന്യൂഡൽഹിയിൽ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യങ്ങൾ വിലയിരുത്തി ഉഭയകക്ഷി സഹകരണം പുതിയ തലത്തിലേക്കെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഡിസംബർ ആറിന് നടന്ന 21ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലെത്തിയിരുന്നു. 2022 സെപ്റ്റംബർ 16ന് ഉസ്ബകിസ്താനിലെ സമർഖണ്ഡിൽ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിക്കിടെ ഇരുവരും ചർച്ച നടത്തുകയും ചെയ്തു. ‘ഈ കാലഘട്ടം യുദ്ധത്തിന്റേതല്ലെന്ന്’ റഷ്യ- യുക്രെയ്ൻ സംഘർഷം മുൻനിർത്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. റഷ്യയുമായി ഉറ്റ സൗഹൃദം പുലർത്തുന്നതിനാൽ യുക്രെയ്ൻ അധിനിവേശത്തെ പരസ്യമായി അപലപിക്കാൻ മോദി തയാറായിട്ടില്ല.
സന്ദർശനത്തിനിടെ റഷ്യയിലെ ഇന്ത്യൻ സമൂഹവുമായും മോദി ആശയവിനിമയം നടത്തും. തുടർന്ന് ദ്വിദിന സന്ദർശനത്തിനായി ഓസ്ട്രിയയിലേക്ക് തിരിക്കും. 40 വർഷത്തിനിടയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഓസ്ട്രിയൻ സന്ദർശനമാണിത്.