ദില്ലി:ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.സംഭവത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തിയ രാഹുൽ ഒരു മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളിൽ നിന്നും വ്യാജ വാഗ്ദാനങ്ങളിൽ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുൽ പറഞ്ഞു.
കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഏറ്റുമട്ടലിൽ ആദ്യം 4 സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.
അതേസമയം ജമ്മുകാശ്മീരിലെ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രംഗത്തെത്തി. ജമ്മുകാശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണ്. ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുന്നുകയാണ്. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു, ഭീകരതയ്ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും ഖർഗെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.