കൽപ്പറ്റ: നിയമം ലംഘിച്ച് വയനാട്ടിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റേതാണെന്ന് എംവിഡി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ആകാശ് തില്ലങ്കേരി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാതയിലാണ് മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തിയുളള ഡ്രൈവിങ് വീഡിയോ ചിത്രീകരിച്ചത്. ജീപ്പിന് നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ജീപ്പിൽ ട്രാക്ടറിനേത് സമാനമായ ടയറാണ് വച്ചത്. വാഹനത്തിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ല. ഇതാണ് ചിത്രീകരിച്ച് റീലാക്കി പോസ്റ്റ് ചെയ്തത്.
ആകാശിന്‍റെ കൂടെയുളള സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലടക്കം വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. വാഹനത്തിന് നമ്പറില്ലാത്തതിനാൽ വണ്ടി കണ്ടെത്താൻ പാടുപെട്ട എംവിഡി ഒടുവിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റേതെന്ന് ജീപ്പെന്ന് തിരിച്ചറിഞ്ഞു. കെഎൽ പത്ത് ബി 3724 രജിസ്ട്രേഷനുളള വണ്ടി മുമ്പ് രണ്ട് തവണ നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ട്.
2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്. സംഭവത്തിൽ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹവകുപ്പ്. കേസ് മലപ്പുറം ആർടിഓയ്ക്ക കൈമാറുമെന്നും ആർസി സസ്പെന്‍റ് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ ശുപാർശ ചെയ്യുമെന്ന് വയനാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ആാശിനെതിരെ നടപടിയാവശ്യപ്പെട്ട് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദും ആർടിഓയ്ക്ക് പരാതി നൽകിയിരുന്നു.