ചെന്നൈ: കൊല്ലപ്പെട്ട ബി.എസ്.പി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിന്റെ ചെന്നൈയിലെ വീട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു. ആംസ്ട്രോങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ മുഖ്യമന്ത്രി മരിച്ചയാളുടെ ഭാര്യയെയും മറ്റ് അടുത്ത ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് ആംസ്ട്രോങ്ങിനെ ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപം അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊല്ലപ്പെട്ട ആർക്കോട് സുരേഷിന്റെ കൂട്ടാളികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോർത്ത് ചെന്നൈ അഡീഷണൽ പോലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) അസ്ര ഗാർഗ് പറഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട ആയുധങ്ങൾ, സൊമാറ്റോ ടീ ഷർട്ട്, സൊമാറ്റോ ബാഗ്, മൂന്ന് ബൈക്കുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. .കേസ് സമഗ്രമായി അന്വേഷിക്കാൻ ചെന്നൈ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.