മോസ്കോ: റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാൻ, യെകാതറിൻ ബർഗ് എന്നിവിടങ്ങളിലാണ് കോൺസുലേറ്റുകൾ തുറക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനമെന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് വർഷം മുമ്പ് ഇന്ത്യയും റഷ്യയും ‘നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ’ വഴിയാണ് ആദ്യ ചരക്ക് അയച്ചത്. അത് ശ്രദ്ധേയമായ നേട്ടമായിരുന്നു. ഇപ്പോൾ ഇന്ത്യയും റഷ്യയും ചേർന്ന് ‘ചെന്നൈ-വാൽഡിവോസ്റ്റോക്ക് ഈസ്റ്റേൺ ഇടനാഴി’ തുറക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
21-ാം നൂറ്റാണ്ടിൽ ഇന്ത്യ നിർവഹിക്കുക ‘വിശ്വ ബന്ധു’ (ലോകത്തിന്‍റെ സുഹൃത്ത്) എന്ന റോളായിരിക്കും. ഗംഗ-വോൾഗ സംഭാഷണങ്ങളിലൂടെയും നാഗരികതയിലൂടെയും ഇരുരാജ്യങ്ങൾ തമ്മിൽ പരസ്പരം കണ്ടെത്തുകയാണ് ചെയ്യുന്നത്. 2015ൽ റഷ്യയിൽ വരുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് താൻ പറഞ്ഞിരുന്നു. ‘വിശ്വബന്ധു എന്ന നിലയിൽ ഇന്ന് ഇന്ത്യ ലോകത്തിന് പുതിയ ആത്മവിശ്വാസം പകരുന്നു.
ഇന്ത്യയുടെ വളർച്ച ലോകത്തിന് മുഴുവൻ സുസ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീക്ഷ നൽകി. പുതിയ, ഉയർന്നുവരുന്ന, ബഹുധ്രുവമായ, ലോകക്രമത്തിന്‍റെ ശക്തമായ തൂണായി ഇന്ത്യയെ കാണുന്നു. ഇന്ത്യ സമാധാനം, സംഭാഷണം, നയതന്ത്രം എന്നിവയെ കുറിച്ച് സംസാരിക്കുമ്പോൾ അത് ലോകം മുഴുവൻ ശ്രദ്ധിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.