തിരുവല്ല: സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെ മണിപ്പൂരിൽ നിന്നും കേരളത്തിൽ തിരുവല്ലയിൽ എത്തിച്ച കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. തിരുവല്ല മനക്കച്ചിറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസ് എത്തിച്ച കുട്ടികളെയാണ് മാറ്റിയത്.
രണ്ടുമാസം മുമ്പാണ് 32 പെൺകുട്ടികളടക്കം 56 കുട്ടികളെ മണിപ്പൂരിൽ നിന്നും തിരുവല്ലയിൽ എത്തിച്ചത്. ഇതിൽ 28 കുട്ടികൾ പലപ്പോഴായി സ്വദേശത്തേക്ക് തിരിച്ചു പോയിരുന്നു. അവശേഷിച്ച 19 ആൺകുട്ടികളെയും 9 പെൺകുട്ടികളെയും ആണ് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ആൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധീനതയിൽ കൊല്ലത്തുള്ള ബോയ്സ് ഹോമിലേക്കും പെൺകുട്ടികളെ തിരുവല്ലയിലെ മഞ്ഞാടി നിക്കോൾസൺ ഹയർസെക്കൻഡറി സ്കൂൾ ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്. രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തിങ്കളാഴ്ച സത്യം മിനിസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കുട്ടികളെ ഇവിടെ നിന്നും മാറ്റാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി എത്തിയത്.