ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജി ഡൽഹി ഹൈകോടതി ജൂലൈ 15ന് പരിഗണിക്കും.
ജൂൺ 20ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ വിധി തൊട്ടടുത്ത ദിവസം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. വിചാരണ കോടതി ജാമ്യം നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ഡൽഹി ഹൈകോടതിയെ സമീപിച്ചത്. നിലവിൽ അദ്ദേഹം തിഹാർ ജയിലിലാണ്. തങ്ങളുടെ ഹരജിയിൽ കെജ്‌രിവാളിന്റെ മറുപടി കഴിഞ്ഞ രാത്രിയാണ് ലഭിച്ചതെന്നും പുനഃപരിശോധന ഹരജി നൽകാൻ ഏജൻസിക്ക് കുറച്ച് സമയം ആവശ്യമാണെന്നും ഹരജി കേൾക്കുന്ന ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയെ ഇ.ഡി അറിയിച്ചു.
കെജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ ഹാജരായത്. കേസ് അടിയന്തരമായതിനാൽ വാദം കേൾക്കുന്നതിന് പ്രത്യേക സമയം നിശ്ചയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇ.ഡിക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹാജരായി. ഇ.ഡിക്ക് പുനഃപരിശോധനാ ഹരജി നൽകാൻ കോടതി സമയം അനുവദിക്കുകയും 15ന് വാദം കേൾക്കാൻ കേസ് മാറ്റിവെക്കുകയും ചെയ്തു.