ചണ്ഡിഗഡ്: കർഷക സംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച് തടയാനായി ശംഭു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണമെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി ഉത്തരവിട്ടു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ ഫെബ്രുവരിയിലാണ് ഹരിയാന സർക്കാർ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ഇതിനെതിരെ സർമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ വിളകൾക്ക് മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. 2020-21ൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു നേരെയുള്ള കേസ് പിൻവലിക്കണമെന്നും കാർഷികോൽപന്നങ്ങൾ സംഭരിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങളുയർന്നതിനു പിന്നാലെ സർക്കാർ കർഷക സംഘടനാ പ്രതിനിധികളുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പഞ്ചാബിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അകാലിദൾ ബി.ജെ.പിയുമായുള്ള സഖ്യം പിൻവലിച്ചാണ് പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.