ന്യൂഡൽഹി: ബി.എസ്.പി നേതാവ് രാജ്കുമാർ ആനന്ദും ഭാര്യ വീണയും ബി.ജെ.പിയിൽ ചേർന്നു. എ.എ.പി സർക്കാറിൽ സാമൂഹ്യ സുരക്ഷാ മന്ത്രിയായിരുന്ന രാജ്കുമാർ, ഇക്കഴിഞ്ഞ മേയിലാണ് മായാവതിയുടെ പാർട്ടിയിൽ ചേർന്നത്. എ.എ.പി നേതാക്കളായ കർത്താർ സിങ് തൻവൻ, ഉമേദ് സിങ് ഫോഗട്ട്, രത്നേഷ് ഗുപ്ത എന്നിവരും ബി.ജെ.പിയിൽ ചേർന്നു. പാർട്ടി പ്രവേശനത്തിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദലിതരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തതായി രാജ്കുമാർ ആരോപിച്ചു.
“ഞാൻ മന്ത്രിയായിരുന്ന കാലത്ത് ദലിത് സമൂഹത്തിന് വേണ്ടി ഡൽഹി സർക്കാർ ഒന്നും ചെയ്തില്ല. അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചപ്പോഴെല്ലാം കെജ്രിവാൾ അത് തള്ളിക്കളഞ്ഞു. ദലിതർക്കുള്ള ക്ഷേമനിധിയിൽ അഴിമതി നടത്തിയപ്പോഴാണ് രാജിവച്ചത്. ഡൽഹിയിലും പഞ്ചാബിലും ദലിതരുടെ പിന്തുണയോടെ ജയിച്ചിട്ടും രാജ്യസഭാ എം.പിയായി ദലിത് സമൂഹത്തിൽനിന്ന് ആരെയും നിയമിച്ചില്ല” -രാജ്കുമാർ പറഞ്ഞു.