തിരുവനന്തപുരം: താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഐ.എസ്.ആർ.ഒ ചാരക്കേസിലെ സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്ന് അറിയാമായിരുന്നു. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. അവർ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ല. അവർക്ക് കുറ്റബോധം ഉണ്ടായാൽ മതി. ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണൻ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി.ബി.ഐ കുറ്റപത്രം പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരാണ് കുറ്റം ചെയ്തത് എന്നറിയാൻ താൻ ശ്രമിച്ചു. കേസ് പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. എല്ലാവരും മടുത്തു. പക്ഷേ വിധി അനുകൂലമായി വന്നപ്പോഴാണ് കേസിലേക്ക് വീണ്ടും തിരിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. അവർ ചെയ്തത് തെറ്റെന്നു തോന്നിയാൽ മതി. തെറ്റ് പറ്റിയെന്ന കുറ്റബോധം ഉണ്ടായാൽ മതി. മാപ്പ് പറയണമെന്നില്ല അബദ്ധം പറ്റി എന്നത് സമ്മതിച്ചാൽ മതി എന്നും അദ്ദേഹം വ്യക്തമാക്കി.
സിബി മാത്യൂസ് ജയിലിൽ പോകണമെന്ന് ആഗ്രഹമില്ല. തെറ്റുകാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്ക് ഉണ്ടായിരുന്നു. 30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത്. 2018ലെ വിധിയിൽ തന്നെ താൻ തൃപ്തനാണ്. മറിയം റഷീദയുമായി ഒരു ബന്ധവുമില്ല. അതെനിക്ക് പറയാൻ കഴിയും. 30 വർഷം അതിനു വേണ്ടിയാണ് പൊരുതിയത് എന്നും നമ്പി നാരായണൻ വ്യക്തമാക്കി.