ന്യൂഡൽഹി: പാർട്ടികളിൽ പാമ്പിന്റെ വിഷം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂട്യൂബർ സിദ്ധാർഥ് യാദവ് എന്ന എൽവിഷ് യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനവും അനധികൃത പണവുമുപയോഗിച്ച് വിനോദപാർട്ടികൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് യാദവിനെതിരെ ഇ.ഡി കേസെടുത്തത്.
സമൻസ് പ്രകാരം ജൂലൈ 23ന് ഇ.ഡിക്ക് മുൻപാകെ ഹാജരാകണമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ വരാൻ സാധിക്കില്ലെന്ന് യാദവ് അറിയിച്ചിരുന്നു.
ബിഗ് ബോസ് ഒ.ടി.ടി2വിന്റെ വിജയി കൂടിയാണ് 26കാരനായ എൽവിഷ് യാദവ്. സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട്, വന്യജീവി സംരക്ഷണ നിയമം, ഇന്ത്യൻ ശിക്ഷ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം നോയിഡ പൊലീസ് കേസെടുത്തിരുന്നു. യാദവിനൊപ്പം അഞ്ച് പാമ്പാട്ടികളെയും അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.