ഛണ്ഡിഗഢ് (ഹരിയാന): 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ ലോക്ദളും (ഐ.എൻ.എൽ.ഡി) ബി.എസ്.പിയും സഖ്യകക്ഷിയായി ഒന്നിച്ചു മത്സരിക്കുമെന്ന് റിപ്പോർട്ട്. ഹരിയാനയിലെ 90 അസംബ്ലി സീറ്റുകളിൽ 37 സീറ്റുകളിലാണ് ബി.എസ്.പി മത്സരിക്കുക. ബാക്കിയുള്ളവ ഐ.എൻ.എൽ.ഡിക്ക് വിട്ടുകൊടുക്കും.
ഈ വർഷം അവസാനമാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ സഖ്യകക്ഷിയായ ബഹുജൻ സമാജ് പാർട്ടിയുമായി വീണ്ടും കൈകോർക്കാൻ ഇന്ത്യൻ നാഷണൽ ലോക്ദൾ തീരുമാനിച്ചതായി ഇരു പാർട്ടികളുടെയും നേതാക്കൾ വ്യാഴാഴ്ച അറിയിച്ചു.
സഖ്യം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബി.എസ്.പി അധ്യക്ഷ മായാവതിയും ഐ.എൻ.എൽ.ഡി നേതാവ് അഭയ് ചൗട്ടാലയും അടുത്തിടെ വിശദമായ ചർച്ച നടത്തിയിരുന്നു. നിലവിൽ ഭരണകക്ഷിയായ ബി.ജെ.പി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരാൻ തന്ത്രങ്ങൾ ആവിഷ്‍കരിക്കുന്നുണ്ട്.
തങ്ങളുടെ സഖ്യം ഏതെങ്കിലും സ്വാർത്ഥ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ജനങ്ങളുടെ വികാരങ്ങൾ കണക്കിലെടുത്താണ് രൂപീകരിച്ചതെന്നും ഐ.എൻ.എൽ.ഡി നേതാവ് അഭയ് ചൗട്ടാല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.