മഹാരാഷ്ട്ര: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാരം പ്രയോഗിച്ചതിനും പുണെയിലെ ഐ.എ.എസ് പ്രൊബേഷണി ഉദ്യോഗസ്ഥ ഡോ. പൂജ ഖേദ്കറെ സ്ഥലം മാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ തനിക്ക് പ്രത്യേകം വീടും കാറും വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടറുമായി പൂജ നടത്തിയ വാട്സ് ആപ് സംഭാഷണങ്ങളാണ് പുറത്തായിരിക്കുന്നത്.
തുടർന്ന് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ അമിതാധികാരം പ്രയോഗിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരിശീലനം പൂണെയിൽ തുടരാനാകില്ലെന്ന് കാണിച്ച് കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് ഭരണതലത്തിലെ സങ്കീർണതകൾക്ക് വഴിവെക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സ്വന്തമായി ചേംബർ വേണമെന്നും പൂജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചേംബർ നൽകിയിട്ടും അറ്റാച്ച്ഡ് ബാത്റൂം സൗകര്യമില്ലെന്ന് കാണിച്ച് അവർ തന്നെ അത് ഒഴിവാക്കി. ജോയിൻ ചെയ്യുന്നതിന് മുമ്പ് പൂജ പിതാവ് ദിലീപ് ഖേദ്കറിനൊപ്പം ഓഫിസ് സന്ദർശിക്കുകയും ചെയ്തു. എന്നാൽ താമസസൗകര്യം നൽകാമെന്നും അല്ലാതെ ആവശ്യപ്പെട്ടതൊന്നും ലഭിക്കില്ലെന്നുമായിരുന്നു അവർക്ക് ലഭിച്ച മറുപടി. കലക്ടറുടെ റിപ്പോർട്ട് ലഭിച്ചയുടൻ 2023 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ പൂജയെ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വാഷിമിലെ അസിസ്റ്റന്റ് കലക്ടറായി അവരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. 2025 ജൂൺ 30 വരെ അവർ അവിടെ സൂപ്പർന്യൂമറി അസിസ്റ്റന്റ് കലക്ടർ ആയിരിക്കും.
വിവാദത്തിനു പിന്നാലെ പൂജയുടെ രേഖകൾ പരിശോധിച്ചപ്പോൾ യു.പി.എസ്.സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്നും കണ്ടെത്തി. മാർക്ക് കുറവായിരുന്നതിനാൽ വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ.എ.എസ് നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അഖിലേന്ത്യ തലത്തിൽ പൂജക്ക് 841ാം റാങ്ക് ആണ് ലഭിച്ചത്. വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യ പരിശോധനക്ക് ഹാജരാകാൻ യു.പി.എസ്.സി ആവശ്യപ്പെട്ടപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. അതുപോലെ, ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നും സംശയിക്കുന്നുണ്ട്. സർട്ടിഫിക്കറ്റിനായി പിതാവിന്റെ വാർഷിക വരുമാനപരിധി എട്ടുലക്ഷം രൂപയാണ് എന്നാണ് കാണിച്ചിരിക്കുന്നത്. വിവരാവകാശ രേഖകൾ പ്രകാരം പൂജയുടെ പിതാവിന് 40 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് പറയുന്നത്.