കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ചിരിക്കുന്ന എല്ലാവരും സുഹൃത്തുക്കളല്ലെന്നും കുടുംബത്തെയെങ്കിലും തന്‍റെ നിരപരാധിത്വം ബോധിപ്പിക്കണമെന്നും പ്രമോദ് പറഞ്ഞു. പാർട്ടിക്ക് മറുപടി നൽകാനായി എത്തിയപ്പോഴാണ് പ്രമോദ് പ്രതികരിച്ചത്. മറുപടി പരിഗണിച്ച ശേഷമാകും നടപടി തീരുമാനിക്കുക.
ജില്ലാ കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തിയാണ് പ്രമോദ് അന്വേഷണ കമീഷന് മറുപടി നൽകിയത്. പാർട്ടിക്ക് നൽകിയ മറുപടിയിൽ, ആരോപണത്തിനു പിന്നിൽ മറ്റാരോ ഉണ്ടെന്ന വ്യക്തമായ സൂചന പ്രമോദ് നൽകുന്നുണ്ട്. ലക്ഷങ്ങളുടെ പണമിടപാട് നടത്താത്ത തന്‍റെ അക്കൗണ്ട് പാർട്ടിക്ക് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ പ്രമോദ് രേഖകളും ഹാജരാക്കി. ആരോപണത്തിന് പിന്നിൽ വിഭാഗീതയാണോ എന്ന ചോദ്യത്തിന് പാർട്ടി പരിശോധിക്കട്ടെയെന്ന് പ്രമോദ് മറുപടി പറഞ്ഞു.
തന്‍റെ പൊതുജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നുകാണിക്കാൻ തയാറാണെന്നും പ്രമോദ് വ്യക്തമാക്കി. അതേസമയം പുറത്താക്കൽ അടക്കമുള്ള കടുത്ത നടപടിയിലേക്ക് സി.പി.എം കടന്നേക്കുമെന്നും സൂചനയുണ്ട്. കോഴ ആരോപണമെന്ന സംഭവമേയില്ലെന്ന് സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ആവർത്തിക്കുമ്പോഴാണ് ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി പാർട്ടി മുന്നോട്ടുപോകുന്നത്.