ലഖ്നോ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ പ്രവൃത്തി സമയത്ത് കാൻഡി ക്രഷ് കളിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത അധ്യാപകന് സസ്പെൻഷൻ. ജില്ലാ മജിസ്ട്രേറ്റ് സ്കൂളിൽ നടത്തിയ പരിശോധനയിലാണ് അധ്യാപകൻ കുടുങ്ങിയത്. വിദ്യാർഥികളുടെ ഹോംവർക്കുകൾ പരിശോധിക്കുന്ന പേപ്പറിൽ, തെറ്റായി മാർക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിപ്പെട്ട മജിസ്ട്രേറ്റ് കൂടുതൽ പരിശോധന നടത്തുകയായിരുന്നു.
ഫോണിൽ നടത്തിയ പരിശോധനയിൽ ഓരോ ആപ്ലിക്കേഷനു വേണ്ടിയും ചെലവഴിക്കുന്ന സമയം അറിയാനുള്ള ആപ്പ് കണ്ടെത്തി. സ്കൂൾ സമയത്ത് രണ്ട് മണിക്കൂറോളം കാൻഡി ക്രഷ് കളിക്കുന്നതായി ഇതിൽ രേഖപ്പെടുത്തിയ സമയത്തിൽനിന്ന് വ്യക്തമാവുകയായിരുന്നു. വ്യക്തിഗത ആവശ്യങ്ങൾക്കായി പ്രവൃത്തി സമയത്ത് ഫോൺ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അസിസ്റ്റന്‍റ് ടീച്ചറായ പ്രിയം ഗോയലിനെതിരെ മജിസ്ട്രേറ്റ് നടപടി സ്വീകരിച്ചത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്നത് പ്രധാനമാണെന്നും മജിസ്ട്രേറ്റ് രാജേന്ദ്ര പാൻസിയ വ്യക്തമാക്കി.
ആറ് വിദ്യാർഥികളുടെ പേപ്പറുകളാണ് മജിസ്ട്രേറ്റ് പരിശോധിച്ചത്. 95 തെറ്റുകളാണ് ആകെ കണ്ടെത്തിയത്. ഇതിൽ ഒമ്പതെണ്ണം ആദ്യ പേജിലായിരുന്നു. ഇതിൽ അതൃപ്തനായാണ് ഫോൺ പരിശോധിക്കാൻ തീരുമാനിച്ചത്. സ്കൂളിൽ ആകെ ചെലവഴിക്കുന്ന അഞ്ചര മണിക്കൂറിൽ രണ്ട് മണിക്കൂറും അധ്യാപകൻ കാൻഡിക്രഷ് കളിക്കാൻ ഉപയോഗിക്കുകയാണ്. ശരാശരി 26 മിനിറ്റ് ഫോണിൽ സംസാരിക്കാനും 30 മിനിറ്റ് സമൂഹ മാധ്യമങ്ങളിലും ചെലവഴിക്കുന്നതായും കണ്ടെത്തി. ഇതോടെ വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.