മുംബൈ: വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അവാസ്തവം പ്രചരിപ്പിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ശിവസേന (യു.ബി.ടി) നേതാക്കളായ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത്, യുടൂബർ ധ്രുവ് റാഠി എന്നിവർക്കെതിരെ ബോംബെ ഹൈകോടതിയിൽ ഹരജി.
മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ 48 വോട്ടിന് ഷിൻഡെ പക്ഷ ശിവസേന നേതാവ് രവീന്ദ്ര വായ്കർ ജയിച്ചത് വോട്ടുയന്ത്രത്തിലെ കൃത്രിമത്തെ തുടർന്നാണെന്ന സംശയവുമായി ബന്ധപ്പെട്ട് രാഹുൽ, ഉദ്ധവ്, ധ്രുവ് റാഠി തുടങ്ങിയവരുടെ ‘എക്സി’ലെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഇവർ ‘മിഡ്ഡെ’ പത്രത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നും പത്രം തെറ്റുതിരുത്തി ക്ഷമ ചോദിച്ചിട്ടും ഇവർ പിന്മാറിയില്ലെന്നുമാണ് ഹരജിക്കാരന്റെ ആരോപണം.
മമത പ്രതിപക്ഷ നേതാക്കളെ കാണും
കൊൽക്കത്ത: രാഷ്ട്രീയ ചർച്ചകൾക്കായി മുംബൈയിൽ എൻ.സി.പി നേതാവ് ശരദ് പവാറിനെയും ശിവസേന മേധാവി ഉദ്ദവ് താക്കറെയും കാണുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്നാണ് കൂടിക്കാഴ്ച.
വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മുംബൈയിലേക്ക് തിരിക്കുംമുമ്പ് വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അവർ. സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവിനെയും മമത കാണുന്നുണ്ട്.