ദില്ലി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാൾ ജയിൽ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചന സാധ്യമാകൂ.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ കേസിന്റെ വാദത്തിനിടെ കെജ്രിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നൽകിയത്. കഴിഞ്ഞ മെയ് മാസം കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ വാദം.
ഇടക്കാല ജാമ്യം ലഭിച്ചതിന് കേസില്‍ നിന്ന് അരവിന്ദ് കെജ്രിവാളിനെ വെറുതെ വിട്ടെന്ന് അർത്ഥമില്ലെന്ന് ബിജെപി പരിഹസിച്ചു. ഇത് കോടതിയുടെ തീരുമാനമാണ്. കോടതിയിൽ നിന്നും കൃത്യമായ തീരുമാനം വരട്ടെ. അരവിന്ദ് കെജ്രിവാൾ അഴിമതിക്കാരനാണെന്ന് ദില്ലിയിലെ ജനങ്ങൾക്കറിയാമെന്നും ബിജെപി ദില്ലി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു.