കൊച്ചി: നിക്ഷേപം ആകര്‍ഷിച്ചും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും എ.ഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിൽ നടന്ന രാജ്യാന്തര ജെൻ എ.ഐ കോണ്‍ക്ലേവില്‍ ‘എ.ഐ പ്രോത്സാഹനത്തിനായുള്ള സര്‍ക്കാര്‍ ഉദ്യമങ്ങ’ളെക്കുറിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലയിൽനിന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളം തയാറാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ സംരംഭങ്ങളുടെ ലക്ഷ്യം. എ.ഐ, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിങ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങിയ 22 മുന്‍ഗണന മേഖലകളെ വ്യാവസായിക നയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എ.ഐ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അവതരണം നടത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഐ.ടി, ഇലക്ട്രോണിക്സ് വ്യവസായത്തിന്‍റെ 10 ശതമാനം സംഭാവന ചെയ്യാന്‍ കേരളം തയാറെടുക്കുകയാണെന്ന് ഇലക്ട്രോണിക്സ്, ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അവതരണത്തില്‍ പറഞ്ഞു. കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ എ.ഐ പവേര്‍ഡ് ഹൈ കപ്പാസിറ്റി ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ കോണ്‍ക്ലേവ് സമാപിച്ചു
കൊച്ചി: എ.ഐ മേഖലയിലെ കമ്പനികളില്‍നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 2025 ജനുവരിയില്‍ കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്. കൊച്ചിയിൽ ദ്വിദിന രാജ്യാന്തര ജെനറേറ്റിവ് എ.ഐ കോണ്‍ക്ലേവിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള വ്യവസായ വകുപ്പിന്‍റെ പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചു. അഞ്ചുമാസത്തെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജനുവരി 14,15 തീയതികളില്‍ ആയിരിക്കും ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ.ബി.എം സോഫ്റ്റ്വെയര് പ്രോഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മല്‍ എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വാട്സണ്‍-എക്സ് പ്ലാറ്റ്ഫോമുകളില്‍ സംഘടിപ്പിച്ച ഹാക്കത്തണില്‍ എഐവിസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വിജയികളായി. കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഹാക്കത്തണില്‍ കോട്ടയം അമല്‍ ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ്, തൃശൂര്‍ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, പാലക്കാട് എന്‍.എസ്.എസ് കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.
കോൺക്ലേവ് വൻ വിജയമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതായിരുന്നു കോൺക്ലേവ്. ലോകത്തെ എല്ലാ മേഖലയിൽ നിന്നുമുള്ള എ.ഐ വിദഗ്ധരെ കോൺക്ലേവിൽ കൊണ്ടുവരാൻ കഴിഞ്ഞു. മികച്ച പ്രതികരണമാണ് വന്നവരിൽനിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. യുവാക്കളെ കൂടുതലായി ആകർഷിക്കാൻ കഴിഞ്ഞു. കോൺക്ലേവിന് മുന്നോടിയായി നടത്തിയ ഹാക്കത്തൺ വിദ്യാർഥികൾക്ക് മികച്ച അനുഭവമായി. കോൺക്ലേവ് നടത്താൻ സർക്കാറിനൊപ്പംനിന്ന ഐ.ബി.എമ്മിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.