ന്യൂയോർക്ക്: യുക്രെയ്നെതിരായ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യ യുക്രെയ്നിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും സപോറിഷ്യ ആണവ നിലയത്തിലെ അനധികൃത ഉദ്യോഗസ്ഥരെ മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ഫ്രാൻസ്, ജർമനി, യു.എസ് ഉൾപ്പെടെ 50 രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്നാണ് പ്രമേയം അവതരിപ്പിച്ചത്. 193 അംഗ സഭയിൽ പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിർത്ത് ഒമ്പത് പേരും വോട്ട് ചെയ്തു. റഷ്യ, ഉത്തര കൊറിയ, ബലാറസ്, ക്യൂബ, ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യ, ബംഗ്ലാദേശ്, സൗദി അറേബ്യ, പാകിസ്താൻ, ചൈന, ഈജിപ്ത്, ഭൂട്ടാൻ, നേപ്പാൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയുൾപ്പെടെ 60 രാജ്യങ്ങൾ വിട്ടുനിന്നു.