തിരുവനന്തപുരം : കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി ഇന്നു ചർച്ച നടത്താൻ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് എൽഡിഎഫ് നിർദേശം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, കെഎസ്ഇബിയിലെ സിഐടിയു, എഐടിയുസി യൂണിയനുകളുടെ പ്രസിഡന്റുമാർ കൂടിയായ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ബോർഡിലെ അംഗീകൃത ട്രേഡ് യൂണിയനുകൾക്കു കൂടി സ്വീകാര്യമായ ധാരണ രൂപപ്പെടുത്തണമെന്ന അഭിപ്രായമാണ് മന്ത്രിക്കു കൈമാറിയത്. പ്രശ്നം തീർക്കാൻ ഫോർമുല ആയെന്നായിരുന്നു ചർച്ചയ്ക്കു ശേഷം മന്ത്രിയുടെ പ്രതികരണം. യൂണിയനുകൾ സമരം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നീതിക്കൊപ്പം നിൽക്കാനാണു ശ്രമം. ചെയർമാൻ തെറ്റു ചെയ്തതായി അറിയില്ല. ജീവനക്കാർക്ക് ചില ആശങ്കകൾ ഉണ്ടെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും എ.വിജയരാഘവൻ പ്രതികരിച്ചു.