പാലക്കാട് : പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എച്ച്ആർഡിഎസിൽ നിയമനം ലഭിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കും. ആദിവാസി മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന എച്ച്ആർഡിഎസിന്റെ ഡയറക്ടറായാണ് നിയമനം. സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാകും ചുമതല. സ്വപ്ന, കേസില്‍ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിക്കാത്തത് കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം. ഫെബ്രുവരി 11നാണ് സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമന ഉത്തരവ് ലഭിച്ചത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നല്‍കുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന പറഞ്ഞിരുന്നു.