13 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 10ലും വിജയിച്ച് ഇൻഡ്യ സഖ്യം. ബി.ജെ.പിക്ക് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തനിച്ച് കേവലഭൂരിപക്ഷം തികക്കാൻ സാധിക്കാത്ത ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പ് ഫലം.
പശ്ചിമ ബംഗാളിൽ നാലു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചത്. ഹിമാചൽ പ്രദേശിൽ മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്‍വീന്ദർ സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ദേഹ്റയിൽ നിന്നും 9,399 വോട്ടുകൾക്ക് വിജയിച്ചു.ബി.ജെ.പിയുടെ ഹോശ്യാർ സിങ്ങിനെയാണ് തോൽപ്പിച്ചത്. നാലാഗാർഹ് മണ്ഡലത്തിൽ കോൺഗ്രസിന്റെ ഹർദീപ് സിങ് ഭാവ ബി.ജെ.പിയുടെ കെ.എൽ താക്കൂറിനെ 8,990 വോട്ടുകൾക്ക് തോൽപ്പിച്ചു.
ഉത്തരാഖണ്ഡിൽ രണ്ട് മണ്ഡലങ്ങൾ കോൺഗ്രസ് വിട്ടുകൊടുത്തില്ല. പഞ്ചാബിലെ ജലന്ധർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചു. തമിഴ്നാട്ടിൽ വിക്രവണ്ടി മണ്ഡലം ഡി.എം.കെയും ഉറപ്പിച്ചു. പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ബിഹാർ സംസ്ഥാനങ്ങളിലെ ഒഴിവുവന്ന നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്.