ന്യൂഡൽഹി: ഡൽഹി കാപിറ്റൽസ് മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയതായി റിപ്പോർട്ട്. ഐ.പി.എൽ 2025 സീസണു മുന്നോടിയായി പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാനേജ്മെന്റെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
വിഷയത്തിൽ ടീം അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏഴു വർഷമായി പോണ്ടിങ്ങാണ് ഡൽഹി കാപിറ്റൽസിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം പുറത്തിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതും ഈ ഐ.പി.എല്ലിലൂടെയാണ്.
മുംബൈ ഇന്ത്യൻസിൽനിന്ന് 2018ലാണ് മുൻ ഓസീസ് നായകൻ കൂടിയായ പോണ്ടിണ്ട് ഡൽഹി ടീമിനൊപ്പം ചേരുന്നത്. 2015ൽ മുംബൈയെ ചാമ്പ്യന്മാരാക്കി. പോണ്ടിങ്ങിന്റെ കാലത്താണ് ഡൽഹി ആദ്യമായി ഐ.പി.എൽ ഫൈനലിലെത്തുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും സീസണുകളിലായി ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 2022 മുതൽ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായിട്ടില്ല.