ന്യൂഡൽഹി: സ്മൃതി ഇറാനിക്കെതിരെ മോശം കമന്റുകൾ പാടില്ലെന്ന് അമേത്തി എം.പി കിഷോരി ലാൽ ശർമ്മ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടാണ് ശരി. ഒരു രാഷ്ട്രീയക്കാരനെതിരെയും മോശം കമന്റുകൾ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കിഷോരി ലാൽ ശർമ്മ സ്മൃതി ഇറാനിയിൽനിന്നും അമേത്തി തിരിച്ചു പിടിച്ചിരുന്നു.
രാഹുൽ ഗാന്ധിയാണ് ശരി. വിജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. ഒരിക്കലും മോശം ഭാഷ രാഷ്ട്രീയനേതാവിനെതിരെ പ്രയോഗിക്കരുതെന്നും കിഷോരി ലാൽ ശർമ്മ പറഞ്ഞു. ഒരാൾക്കെതിരെ ഇത്തരം ഭാഷ ഉപയോഗിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും കിഷോരി ലാൽ ശർമ്മ കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥനയുമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രാഹുലിന്റെ ആവശ്യം. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും എന്നാൽ, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനിക്കോ മറ്റേതെങ്കിലും നേതാക്കൾക്കേ എതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.