ചിറയിൻകീഴ് > മുതലപ്പൊഴിയിൽ വീണ്ടും അപകടം. മണിക്കൂറുകൾക്കിടെ വള്ളം മറിഞ്ഞ് രണ്ട് അപകടം. ആളപായമില്ല. മീൻ പിടിക്കാൻ പോയി മടങ്ങിയ വള്ളങ്ങൾ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളികൾക്കും രക്ഷപ്രവർത്തനത്തിനിടെ ഫിഷറീസ് ഗാർഡിനും പരിക്കേറ്റു. ശനി പകലാണ് സംഭവം.
പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള ഇലാഹി എന്ന കാരിയർ വള്ളമാണ് രാവിലെ ഒമ്പതിന് അഴിമുഖ കവാടത്തിനു സമീപം ആദ്യം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. വള്ളത്തിൽ അഞ്ച് തൊഴിലാളികൾ ഉണ്ടായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെ കരയിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ലൈഫ് ഗാർഡുമാരായ വിൽബനും ഷിബുവിനും പരിക്കേറ്റു. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂത്തുറ സ്വദേശിയായ റോബിന്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളമാണ് രണ്ടാമത് അപകടത്തിൽപ്പെട്ടത്. പകൽ 12ഓടെയാണ് സംഭവം. ശക്തമായ തിരയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു. രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശികളായ ജോസ്, റോയി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വള്ളത്തിലുണ്ടായിരുന്ന മീനും വള്ളവും പൂർണമായി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ അറിയിച്ചു. മുതലപ്പൊഴിയിൽ ഈയാഴ്ചയിൽ ആറ് അപകടമാണ് ഉണ്ടായത്.