തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റെയിൽവേക്കെതിരെ വിമർശനവുമായി മേയർ ആര്യ രാജേന്ദ്രൻ. ബോധപൂർവം മാലിന്യം തള്ളുന്ന ശ്രമം റെയിൽവേ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും, മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് റെയിൽവേ ഒഴുക്കിവിടുകയാണെന്നും ആര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാൻ ഹോൾ തുറന്ന് പരിശോധിച്ചപ്പോൾ ബോധപൂർവം മാലിന്യം ഇതിനകത്ത് തള്ളുന്ന ശ്രമം റെയിൽവേയുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടോ എന്നതടക്കം പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യവിസർജ്യം അടക്കം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്നാണ് അന്വേഷണത്തിൽ മനസ്സിലാകുന്നത്. റെയിൽവേ സ്റ്റേഷനിൽ കയറി നമുക്ക് പരിശോധിക്കാനുള്ള സംവിധാനം നേരത്തെ ഇവർ തടസ്സപ്പെടുത്തുന്ന സാഹചര്യമായിരുന്നു -മേയർ പറഞ്ഞു.അതേസമയം, മാലിന്യം നീക്കാത്ത റെയില്‍വേയുടെ അനാസ്ഥയില്‍ വിശദീകരണം തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
റെയിൽവേ മാലിന്യം കൈകാര്യം ചെയ്യുന്നതടക്കം പരിശോധിക്കും. വെള്ളം മലിനമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്. കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനം ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു.