പാലക്കാട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിൻ ശനിയാഴ്ച രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതിരുന്ന സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ.
ട്രെയിൻ നിർത്തിയത് സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെ അയനിക്കാട്ടാണ്. പയ്യോളിയാണെന്നു കരുതി യാത്രക്കാരിൽ പലരും ഇവിടെയിറങ്ങി. മറ്റുള്ളവർ വടകരയിലും. ദുരിതം നേരിട്ട യാത്രക്കാർ വടകര സ്റ്റേഷനിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാർക്ക് റെയിൽവേതന്നെ വാഹനസൗകര്യം ഏർപ്പെടുത്തി നൽകുകയായിരുന്നു.
കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്റെ ബോർഡ് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്നാണ് റെയിൽവേ വിശദീകരണം. കൺട്രോളിങ് ഓഫിസറുടെ നേതൃത്വത്തില്‍ ലോക്കോ പൈലറ്റിനെതിരെ അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ടിന് ശേഷമാകും നടപടിയെന്നും റെയിൽവേ അറിയിച്ചു. പയ്യോളി നോൺ-ബ്ലോക്ക് സ്റ്റേഷനാണ്. മറ്റ് സ്റ്റോപ്പിങ് സ്റ്റേഷനുകളിൽനിന്ന് വ്യത്യസ്തമായി ഇവിടെ സിഗ്നലുകളില്ല. ലോക്കോ പൈലറ്റ് സ്റ്റേഷൻ നിരീക്ഷിക്കുകയും ബോർഡ് കാണുന്നതിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ നിർത്തുകയും വേണമെന്നും റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി.