ഭുവനേശ്വർ: 46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു. കോടിക്കണക്കിന് രൂപയുടെ നിധി ശേഖരം ഭണ്ഡാരത്തിനുളളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒഡീഷയിൽ അധികാരത്തിലെത്തിയാൽ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തുമെന്ന് ബിജെപി സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
പാമ്പ് പിടിത്തക്കാരും പാമ്പാട്ടികളും, ദുരന്ത നിവാരണ സേന, ദ്രുത കർമ്മ സേന- ഇങ്ങനെ വലിയൊരു സംഘത്തെ നിരത്തി നിർത്തിയ ശേഷമാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം നാല് പതിറ്റാണ്ടുകൾക്ക് ശേഷം തുറന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിലവറയിലുള്ളത് അമൂല്യവും വിശിഷ്ടവുമായ രത്ന ശേഖരമാണ്. നിധിക്ക് നാഗങ്ങൾ കാവൽ നിൽക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നിലവറ തുറക്കുന്നിടത്തേക്ക് പാമ്പാട്ടികളെയും എത്തിച്ചത്. എന്നാൽ നിലവറയ്ക്കുള്ളിൽ പാമ്പുകളെയൊന്നും കണ്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 1.28നാണ് അകത്തെ നിലവറ തുറന്നത്. താക്കോൽ ഇല്ലാത്തതിനാൽ നിലവറയുടെ പൂട്ട് പൊളിക്കേണ്ടി വന്നു.
അമൂല്യവും വിശിഷ്ടവുമായ രത്ന ശേഖരങ്ങളും സ്വർണ ഖനികളും ക്ഷേത്ര ഭണ്ഡാരത്തിലുണ്ടാകും എന്നാണ് നിഗമനം. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് രഥിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച 11 അംഗ ഉന്നതതല സമിതിയാണ് ഭണ്ഡാരം തുറന്നത്. ക്ഷേത്രത്തിലെ നിയമാവലി അനുസരിച്ച് 3 വർഷത്തിലൊരിക്കലാണ് ഭണ്ഡാരം തുറന്നു പരിശോധിക്കേണ്ടത്. 2018 ൽ ഭണ്ഡാരത്തിന്‍റെ താക്കോൽ കളഞ്ഞെന്ന് സംസ്ഥാന സർക്കാർ പറഞ്ഞത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ഭണ്ഡാരം തുറക്കും എന്നത് ബിജെപി പ്രചാരണ വിഷയമാക്കി. നവീൻ പട്നായിക്കിന്‍റെ വിശ്വസ്തൻ വി കെ പാണ്ഡ്യനെ പരാമർശിച്ച് ഭണ്ഡാരത്തിൻറെ താക്കോൽ തമിഴ്നാട്ടിലേക്ക് കടത്തിയെന്നാണ് പ്രധാനമന്ത്രി പ്രചാരണത്തിനിടെ പറഞ്ഞത്.
ഏറ്റവും ഒടുവിലെ രേഖകൾ പ്രകാരം 128 കിലോ സ്വർണ്ണവും 222 കിലോ വെളളിയും മറ്റ് രത്ന ശേഖരങ്ങളും ഭണ്ഡാരത്തിലുണ്ട്. തൽക്കാലം ഇവ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം നിലവറയും പൂട്ടും നന്നാക്കുന്നതിന് പുരാവസ്തു ഗവേഷണ വകുപ്പ് പദ്ധതി തയ്യാറാക്കും.