ലഖ്നൌ: യുനസ്കോ പൈതൃക പട്ടികയില്‍ ഇടം പിടിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശിലെ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്ക്. ആദിമ ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന 650 ദശലക്ഷം വര്‍ഷം പഴക്കമുളള ഫോസിലുകളാണ് സോൻഭദ്ര ജില്ലയിലെ ഫോസില്‍ പാര്‍ക്കിലുളളത്. സോന്‍ഭദ്ര ജില്ലയിലെ കൈമൂര്‍ ഫോറസ്റ്റ് റേഞ്ചിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫോസില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. സല്‍ഖാന്‍ കുന്നുകളിലെ പാറകളില്‍ പ്രകൃതിയുടെ കരവിരുത് പോലെ ആദിമ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഫോസിലുകള്‍. ഭൂമിയില്‍ മാനവ ജീവിതം ആരംഭിച്ചതിന്‍റെ കൃത്യമായ കാലഘട്ടം അടയാളപ്പെടുത്താന്‍ കഴിയുന്ന ശേഷിപ്പുകള്‍. പാറകളിലും ചുണ്ണാമ്പ് കല്ലുകളിലുമുളള ഫോസിലുകള്‍ക്ക് 650 ദശലക്ഷം വര്‍ഷം പഴക്കമുണ്ട്. ആദിമ കാലത്ത് വിന്ധ്യന്‍ കടല്‍ ഒഴുകിയിരുന്നത് ഈ ഭാഗത്തു കൂടിയാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. കാലാന്തരത്തില്‍ കടല്‍ വഴി മാറി ഇവിടെ വിന്ധ്യാചല്‍ പര്‍വത നിരകള്‍ രൂപപ്പെട്ടു.
1933ൽ ഇംഗ്ലീഷ് ചരിത്രകാരനായ ജോണ്‍ ഓഡറാണ് ഈ സ്ഥലം കണ്ടുപിടിച്ചതെന്ന് ചരിത്രകാരന്‍ ചന്ദ്ര വിജയ് സിങ് പറയുന്നു. പിന്നീട് കുറേ പഠനങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. യുനസ്കോ പൈതൃക പട്ടികയില്‍ ഇടം പിടിക്കാനായി തെളിവുകളും ആധികാരിക രേഖകളും തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ രേഖകളും കൈമാറാന്‍ കഴിയുമെന്നാണ് യുപി സര്‍ക്കാരിന്‍റെ പ്രതീക്ഷ. 2026ല്‍ യുനസ്കോ സല്‍ഖാന്‍ ഫോസില്‍ പാര്‍ക്കിന് പൈതൃക പദവി നല്‍കിയേക്കും.