ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ തുടർന്നാൽ ബി.ജെ.പി ടൈറ്റാനിക് പോലെ മുങ്ങിത്താഴുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു സ്വാമിയുടെ കുറിപ്പ്.
ബി.ജെ.പി ടൈറ്റാനിക് കപ്പൽ പോലെ മുങ്ങുന്നത് കാണാനാണ് പാർട്ടിയിലുള്ള നമ്മൾ ആഗ്രഹിക്കുന്നതെങ്കിൽ മോദി തന്നെ നായകത്വം വഹിക്കുന്നതാണ് നല്ലത്. ബി.ജെ.പി തകർന്ന് മുങ്ങിത്താഴാൻ തയ്യാറാകുന്നതായാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്, അദ്ദേഹം എക്സിൽ കുറിച്ചു.
13ൽ പത്ത് സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥി ഒരു സീറ്റും നേടി. ബി.ജെ.പി രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. ഇൻഡ്യസഖ്യത്തിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസുമാണ് കൂടുതൽ സീറ്റുകൾ നേടിയത്. നാല് സീറ്റുകൾ വീതമാണ് ഇരു പാർട്ടികളും നേടിയത്. ഡി.എം.കെ, ആം ആദ്മി പാർട്ടി എന്നിവർ ഓരോ സീറ്റും നേടി. ഉത്തരാഖണ്ഡിലെ ബദരീനാഥ് സീറ്റും ബി.ജെ.പിക്ക് നഷ്ടമായി.
നേരത്തെയും മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. ജൂൺ 25ന് ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ അടിയന്തരവാസ്ഥയെ സജീവമായി എതിർക്കുന്നതിൽ മോദിയുടെയും ഷായുടെയും സംഭാവന എന്താണെന്ന് എക്സിൽ അദ്ദേഹം കുറിച്ചിരുന്നു. മോദിയുടെ റഷ്യൻ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അടുത്തിടെ അദ്ദേഹം സംസാരിച്ചു.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും സഹായത്തോടെ മാത്രമാണ് ബി.ജെ.പി അധികാരത്തിൽ മൂന്നാം തവണയും എത്തിയതെന്നും വിനാശകരമായ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.