ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഹൈദരാബാദിൽ വിൽപനക്കായി എത്തിച്ച 2.6 കിലോ കൊക്കൈനുമായി സംഘത്തെ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ വലയിലാക്കിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈദ്യ പരിശോധനയിൽ ഇവരും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഘത്തിൽനിന്ന് മയക്കുമരുന്ന് വാങ്ങാനിരുന്ന 13 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2021ൽ രാകുൽ പ്രീതിനെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. കേസിൽ കഴിഞ്ഞവർഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.