വാഹനം വില നൽകി വാങ്ങാതെ തന്നെ സ്വന്തമായി ഉപയോഗിക്കുന്ന വാഹന ലീസിങ്ങ് അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ പദ്ധതിക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ മേഖലയിലേക്ക് കൂടുതൽ കരുത്തോടെ എത്തുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര. ക്വിക്ക്ലീസ് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് മഹീന്ദ്രയുടെ എസ്.യു.വി. ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോക്താക്കളിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ സർവീസ് വിഭാഗമാണ് വാഹനങ്ങൾ ലീസ് അടിസ്ഥാനത്തിലും സബ്സ്ക്രിപ്ഷൻ മോഡലിലും നൽകുന്നത്. ക്വിക്ക്ലീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് വാഹനങ്ങൾ തിരഞ്ഞെടുക്കുന്നകിനുള്ള സംവിധാനം ഒരുക്കുന്നത്. ക്വിക്ക്ലീസ് മഹീന്ദ്ര ഓട്ടോമോട്ടീവുമായി സഹകരിക്കുന്നതിലൂടെ മഹീന്ദ്രയുടെ വാഹനങ്ങൾ എളുപ്പത്തിൽ ഉപയോക്താക്കളിൽ എത്താനുള്ള വഴിയൊരുങ്ങുകയാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വാഹനം തിരഞ്ഞെടുക്കുന്നതിന് പുറമെ, മഹീന്ദ്രയുടെ ഡീലർഷിപ്പ് ശൃംഖലകളിലും ക്വിക്ക്ലീസ് സംവിധാനം ഉറപ്പാക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ക്വിക്ക്ലീസിന്റെ ആദ്യഘട്ടമായി ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, നോയ്ഡ, പുണെ എന്നീ നഗരങ്ങളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 30 സ്ഥലങ്ങളിൽ ലഭ്യമാക്കുമെന്നും കമ്പനി മുമ്പ് ഉറപ്പുനൽകിയിരുന്നു. ഒരു ഉപയോക്താവിന് വാങ്ങാതെ തന്നെ പുതിയ വാഹനം ഉപയോഗിക്കാനുള്ള അവസരമാണ് ക്വിക്ക്ലീസിലൂടെ ഒരുങ്ങുന്നത്. ഒരു മാസത്തേക്ക് 21,000 രൂപ വാടകയായി ഈടാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഇൻഷുറൻസ്, സർവീസ് ഉൾപ്പെടെയുള്ള അറ്റകുറ്റപണികൾ, റോഡ് സൈസ് അസിസ്റ്റൻസ് തുടങ്ങിയവയുടെ ചിവലുകൾ മഹീന്ദ്ര ക്വിക്ക്ലീസ് തന്നെ വഹിക്കുമെന്നതാണ് ഈ പദ്ധതിയുടെ നേട്ടമായി വിലയിരുത്തുന്നത്.
ഉപയോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് മഹീന്ദ്ര ക്വിക്ക്ലീസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഓരോ ഉപയോഗത്തിന് പണം നൽകുക എന്ന ആശയത്തിലൂടെ ഉപയോക്താക്കൾക്ക് വളരെ ലളിതവും സുതാര്യവുമായി ഇഷ്ടവാഹനം തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ മേധാവി വിജയ് നക്ര അഭിപ്രായപ്പെട്ടു. വെഹിക്കിൾ സബ്സ്ക്രിപ്ഷനായി ആദ്യമായി ആരംഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ക്വിക്ക്ലീസ് എന്നാണ് വിലയിരുത്തൽ. വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതും സബ്സ്ക്രൈബ് ചെയ്യുന്നതും ചെലവ് കുറഞ്ഞ മാർഗമായി മാറിയിരിക്കുകയാണ്. ഈ വാഹന ലീസിങ്ങ് സംവിധാനം അടുത്ത പത്ത് വർഷത്തിനുള്ളിൽ 15 മുതൽ 20 ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര എസ്.യു.വികളുടെ സമ്പൂർണ ശ്രേണി ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വാടകയ്ക്ക് നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ക്വിക്ക്ലീസ് മേധാവിയായ തുറ മുഹമ്മദ് അഭിപ്രായപ്പെട്ടു.