ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്തുമെന്ന് ഉത്തര കന്നഡ എസ്പിയും ജില്ലാ കളക്ടറുംപറഞ്ഞു. കനത്ത മഴയാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതെന്ന് എസ്പി നാരായണ്‍ പറഞ്ഞു. ജിപിഎസ് ലൊക്കേഷൻ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെയെന്ന് കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. രണ്ട് സാധ്യതകളാണ് ഉള്ളത് – ഒന്ന് ലോറി മണ്ണിനടിയിൽ ആകാം. അല്ലെങ്കിൽ ഗംഗാവലി പുഴയിൽ വീണിരിക്കാമെന്ന് കളക്ടർ പറഞ്ഞു. വെള്ളത്തിനടിയിൽ ലോറി ഉണ്ടോ എന്നറിയാൻ നാവികസേനയുടെ സഹായം തേടി.
നാവികസേനയുടെ വിദഗ്ധ ഡൈവർമാർ ഉടൻ സ്ഥലത്തെത്തും. എഞ്ചിൻ ഇന്നലെ വരെ ഓൺ ആയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണ് നീക്കൽ വേഗത്തിലാക്കി. ഇത് വരെ അത്തരമൊരു ലോറി മണ്ണിനടിയിൽ ഉണ്ട് എന്നതിന്‍റെ അടയാളങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും കളക്ടർ പറഞ്ഞു. സംഭവത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറി. വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകാമെന്ന് പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചു.