പെൻസിൽവാനിയ : എതിരാളിയായി ബൈഡന് പകരം കമല ഹാരിസ് എത്തിയതോടെ അഭിപ്രായ സർവേകളിൽ ട്രംപിന്‍റെ ലീഡിൽ ഇടിവ്. വാൾ സ്ട്രീറ്റ് ജേർണലിന്‍റെ സർവേ പ്രകാരം ട്രംപിന്‍റെ ലീഡ് ആറ് പേയിന്‍റിൽ നിന്ന് രണ്ടായി കുറഞ്ഞു. നിർണായക സംസ്ഥാനങ്ങളായ മിഷിഗണിലും പെൻസിൽവേനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വം കമല ഹാരിസിന് ഉറപ്പിച്ചായിരുന്നു ഇന്നലെ ബറാക്ക് ഒബാമയും മിഷേൽ ഒബാമയും പ്രതികരിച്ചത്. ഇത്രയും ദിവസം ഇക്കാര്യത്തിൽ മൗനം തുടർന്ന മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഇന്നലെ കമലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമല ഹാരിസിന് പിന്തുണ വ്യക്തമാക്കിയിരുന്നു.
പ്രസിഡന്‍റ് സ്ഥാനാർഥിത്വം പിൻവലിച്ചുകൊണ്ട് ബൈഡൻ കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഒബാമ ഇക്കാര്യത്തിൽ മനസ് തുറന്നത്. ഡെമോക്രാറ്റിക് പാർട്ടിയിലെ ഉന്നത നേതാക്കൾ ഒന്നിന് പിന്നാലെ ഒന്നായി പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ഒബാമ മാത്രം മൗനം തുടരുകയായിരുന്നു. അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് ഒടുവിൽ ഒബാമ നിലപാട് വ്യക്തമാക്കിയത്. നേരത്തെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാകാൻ ആവശ്യമായ ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ഉറപ്പിച്ചിരുന്നു. ഇതുവരെ ഒരു വനിത പോലും അമേരിക്കയില്‍ പ്രസിഡന്‍റായിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയില്‍ എത്തുന്ന ആദ്യത്തെ ഇന്തോ – ആഫ്രിക്കന്‍ വംശജയും വനിതയെന്ന ഖ്യാതിയും നേരത്തെ തന്നെ സ്വന്തമാക്കിയ കമല ഹാരിസിന് 59 വയസ് പ്രായമുണ്ട്.