കിഴക്കമ്പലം : വിളക്കണയ്ക്കൽ സമരത്തിനിടെ മർദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവർത്തകൻ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകർക്കാൻ കുന്നത്തുനാട് എംഎൽഎ ശ്രമിച്ചെന്നതിൽ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കൽ സമരത്തിത്തിലാണ് ദീപുവിന് മർദനേറ്റത്.
കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങൽപറമ്പ് വാർഡിൽ ചായാട്ടുചാലിൽ ദീപു ആലുവയിലെ രാജഗിരി ആശുപത്രയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ദീപു 12 മണിയോടെയാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 7-നും 7.15-നും ഇടയ്ക്കാണ് വീടുകളിലെ വിളക്കുകൾ അണച്ച് ട്വന്റി 20 പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനിടെയാണ് നാലംഗ സി.പി.എം. സംഘം ദീപുവിനെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേല്പിച്ചതെന്ന് ട്വന്റി 20 ഭാരവാഹികൾ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് നാല് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
മർദനത്തിൽ പരിക്കേറ്റ ദീപു ഗുരുതരാവസ്ഥയിലായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയും നടത്തിയിരുന്നു. അതിനിടെ ശനിയാഴ്ച സന്ധ്യക്ക് തന്റെ മകൻ ദീപുവിനെ നാലംഗ സംഘം ജാതിപ്പേരുവിളിച്ച് വീട്ടിൽനിന്ന് വിളിച്ചിറക്കി ആക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദീപുവിന്റെ പിതാവ് സി.സി. കുഞ്ഞാറു കുന്നത്തുനാട് പോലീസിൽ പരാതി നൽകിയിരുന്നു. സൈനുദ്ദീൻ സലാം, അബ്ദുൾറഹ്മാൻ, ബഷീർ, അസീസ് എന്നീ സിപിഎം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.