മുണ്ടക്കൈ : ദാരുണമായ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ച് സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. രക്ഷാപ്രവര്‍ത്തനം തുടരുന്ന മുണ്ടക്കൈയിലെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് പുതിയ ടവര്‍ സ്ഥാപിച്ചാണ് ജിയോ സഹായം ലഭ്യമാക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടലിന് ശേഷമുള്ള വ്യാപക തിരച്ചിലിനായി സൈനികരും സംസ്ഥാനത്തെ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി അനവധി പേരെത്തിയതോടെ പ്രദേശത്ത് കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ അനിവാര്യമായി വന്നു.
ദുരന്ത പ്രദേശത്തിന് അടുത്തായി പ്രത്യേക ടവറും ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ജിയോയുടെ രണ്ടാമത്തെ ടവറാണിത്. മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 250ലേറെ പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇനിയുമേറെ പേരെ കണ്ടെത്താനുണ്ട്. നേരത്തെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി പ്രദേശത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ചിരുന്നു. ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്ലിന്‍റേതായിരുന്നു. വൈദ്യുതി തടസത്തിനിടയിലും മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയ ബിഎസ്എന്‍എല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കി. ഇതിന് പുറമെ അതിവേഗ ഇന്‍റർനെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയും ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നിരുന്നു.