ധാക്ക: ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശ് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു. ബംഗ്ലാദേശ് രാഷ്ട്രപതി മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പാര്‍ലമെന്‍റ് പിരിച്ചുവിടണമെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ അന്ത്യശാസനം നല്‍കിയിരുന്നു. പാര്‍ലമെന്‍റ് പിരിച്ചുവിട്ടതോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി.
സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് പുതിയ സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. യൂനുസ് സര്‍ക്കാരിനെ നയിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ചികിത്സാര്‍ത്ഥം പാരിസിലുള്ള അദ്ദേഹം വൈകാതെ ബംഗ്ലാദേശിലെത്തും. കലാപം തുടരുന്ന പശ്ചാത്തലത്തില്‍ സൈനിക മേധാവി വിദ്യാര്‍ത്ഥി പ്രക്ഷോഭകരുമായി വൈകീട്ട് ചര്‍ച്ച നടത്തും. സൈന്യം നിയന്ത്രിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരുടെ നിലപാട്.