കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശ പറഞ്ഞതോടെ നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. തുടർന്ന് യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തായ് എയർലൈൻസിൽ തായ്ലാൻ്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാനയാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ചുറ്റിച്ചത്.
ഭാര്യയും മകനുമുൾപ്പെടെ നാലുപേരുൾപ്പെടെയായിരുന്നു പ്രശാന്തിൻ്റെ യാത്ര. ബാഗിൽ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചത് യാത്രക്കാരന് ഇഷ്ടമായില്ല. ഇത് ബോംബാണെന്ന് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗും കൂടെയുണ്ടായിരുന്നവരുടെ ബാഗും പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം മണിക്കൂറുകൾ വൈകിയത്. പരിശോധനയ്ക്കു ശേഷം വിമാനം യാത്ര പുറപ്പെട്ടു. എന്നാൽ പ്രശാന്തിന്റെ ഭാര്യയും മക്കളും യാത്ര തുടർന്നില്ല.
പരിശോധനയിൽ സംശയാസ്പദമായ ഒന്നുമില്ലെന്നാണ് വിവരം. പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്. തമാശ പറഞ്ഞതിനും യാത്ര തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾക്കെതിരെ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.