ധാക്ക: കലാപ കലുഷിതമായ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സർക്കാർ ചുമതലയേൽക്കുമെന്ന് സൈനിക മേധാവി ജനറൽ വഖർ ഉസ് സമാൻ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ നയിക്കാൻ സമ്മതിച്ച നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസിൽ നിന്ന് ധാക്കയിൽ മടങ്ങിയെത്തും. ബംഗ്ലാദേശ് പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2.10 ന് പ്രൊഫസർ മുഹമ്മദ് യൂനുസ് ധാക്കയിൽ വിമാനമിറങ്ങുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇടക്കാല സർക്കാർ അധികാരമേൽക്കുമെന്നാണ് വ്യക്തമാകുന്നത്. പതിനഞ്ചംഗ മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകും എന്നതിലാണ് ഇനി ആകാംഷ.
അതേസമയം പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടോടിയ ശേഖ് ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവർ മറ്റ് രാജ്യങ്ങളിലേക്ക് ശ്രമം തുടരുകയാണ്. രാഷ്ട്രീയ അഭയം ഏതെങ്കിലും രാജ്യത്ത് ലഭിക്കുന്നതുവരെ അഭയം നൽകാമെന്നാണ് മോദി സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
അശാന്തമായ രാഷ്ട്രത്തെ സ്ഥിരതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് നോബേൽ ജേതാവിന് മുമ്പിലുള്ളത്. അക്രമങ്ങൾ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിൽ വിദ്യാർത്ഥി പ്രതിനിധികളുടെ താൽപര്യങ്ങൾക്ക് തന്നെയാണ് മുൻതൂക്കം.വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് ജയിൽ മോചിതയായ മുൻ പ്രധാനമന്ത്രി ഖലേദ സിയ ഇന്നലെ ബി എൻ പി റാലിയെ അഭിസംബോധന ചെയ്തത്.
മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ബംഗ്ലാദേശ് നാഷണൽ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും സ്വതന്ത്ര ബംഗ്ലാദേശിനെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നുമാണ് ബി എൻ പി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ആവശ്യപ്പെട്ടത്. ധാക്കയിലെ നയാ പൾട്ടാനിൽ നടന്ന വമ്പൻ റാലി ബി എൻ പി പാർട്ടിയുടെ ശക്തി പ്രകടനമായി. ബംഗ്ലാദേശിലെ അധികാര കേന്ദ്രങ്ങളിൽ നിന്ന് ഷെയ്ഖ് ഹസീന അനുകൂലികളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. പൊലീസ് അസോസിയേഷൻ നേതൃത്വത്തെ മുഴുവൻ പുറത്താക്കി പുതിയ 39 അംഗ കമ്മിറ്റി അധികാരം ഏറ്റെടുത്തു. ഹസീന അനുകൂലികളായ ഉദ്യോഗസ്ഥർ ഭൂരിഭാഗവും ഒളിവിലാണെന്നാണ് മറ്റൊരു കാര്യം.