തീരെ ഉറക്കം വരുന്നില്ല. രാത്രിയായാൽ ഒരുപാട് ചിന്തകൾ കേറി വരും. ആകെ സമ്മർദ്ദത്തിലാവും. എങ്ങനെയെങ്കിലും ഒന്ന് കണ്ണടച്ചാൽ മതി എന്ന് കരുതിയാലും സാധിക്കില്ല. ഇന്ന് ഒരുപാടാളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് ഈ ഉറക്കമില്ലായ്മ. എത്രയെന്ന് കരുതിയാണ് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് അല്ലേ? അപ്പോൾ ആരെങ്കിലും വന്ന് നമ്മളെയൊന്ന് ഉറങ്ങാൻ സഹായിച്ചിരുന്നെങ്കിലെന്ന് ഒരു തവണയെങ്കിലും ഓർക്കാത്തവരുണ്ടാവില്ല. എന്നാൽ, ചൈനയിൽ അങ്ങനെയുള്ള ആളുകളുണ്ട്. അവർ ആളുകളെ ഉറങ്ങാൻ സഹായിക്കുന്ന പ്രൊഫഷണലായിട്ടുള്ളവരാണ്.
സ്ലീപ്പ്‍വാക്കേഴ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്. ഉറങ്ങാൻ പോകുന്നതിന് മുമ്പ് അവരോട് ശാന്തമായി സംഭാഷണത്തിലേർപ്പെടുകയും അവർക്ക് വേണ്ടുന്ന വൈകാരിക പിന്തുണ നൽകുകയുമാണ് സ്ലീപ്പ്‍വാക്കേഴ്സ് ചെയ്യുന്നത്. 996 സംസ്കാരത്തിൽ പെട്ടുപോയ യുവാക്കളെയാണ് പ്രധാനമായും ഇവർ ലക്ഷ്യം വയ്ക്കുന്നത്. അതായത് ആഴ്ചയിൽ ആറ് ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 9 വരെ ജോലി ചെയ്യേണ്ടുന്നവരെ. അവരുടെ ജോലി സമ്മർദ്ദവും വീട്ടിലെ പ്രശ്നങ്ങളുമെല്ലാം അവരെ ഉറക്കത്തിൽ നിന്നും പിന്നോട്ട് വലിക്കുകയാണ്.
എന്തായാലും ഇങ്ങനെ ആളുകളെ ഉറങ്ങാൻ സഹായിക്കുന്ന ജോലി പാർട്ട് ടൈമായി ചെയ്യുന്നയാളാണ് സ്ലീപ്പ് തെറാപ്പിസ്റ്റ് താവോസി. നേരത്തെ ഇത്തരം സ്ലീപ്പ് തെറാപ്പിസ്റ്റുകളുടെ സഹായം തേടിയിരുന്നു താവോസിയും. അത് ഗുണം ചെയ്തതിന് പിന്നാലെയാണ് അധികവരുമാനത്തിന് ആ ജോലി പാർട്ട് ടൈമായി ചെയ്യാൻ തുടങ്ങിയത്. തൻ്റെ ജന്മനാട്ടിലെ സമപ്രായക്കാർ വിവാഹിതരാകുകയും കുടുംബമായി ജീവിക്കാൻ തുടങ്ങുകയും ചെയ്തതോടെ ഉണ്ടായ ഉത്കണ്ഠയെയും സമ്മർദ്ദത്തെയും നേരിടാനാണ് താൻ സ്ലീപ്പ് തെറാപ്പി സ്വീകരിച്ചത് എന്നാണ് അവൾ പറയുന്നത്.
വീട്ടുകാരോടും കൂട്ടുകാരോടും പറയാനാവാത്ത ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നും സ്ലീപ്പ് തെറാപ്പി എല്ലാം പരിഹരിച്ച് നല്ല ഉറക്കത്തിന് സഹായിച്ചു എന്നും അവൾ പറയുന്നു.
എന്തായാലും, വലിയ തുകയാണ് സ്ലീപ്പ് തെറാപ്പിസ്റ്റുകൾക്ക് ലഭിക്കുന്നത്. ക്ലയിന്റുകൾ ഉറക്കത്തിലേക്ക് വീഴുന്നതുവരെയാണ് ജോലി ചെയ്യേണ്ടത്. ഓൺലൈനായും ഓഫ്‍ലൈനായും തെറാപ്പി നൽകുന്നവരുണ്ട്. ഒരു ഫുൾ ടൈം സ്ലീപ്പ് തെറാപ്പിസ്റ്റിന് മൂന്ന് ലക്ഷവും ടിപ്പും മാസത്തിൽ കിട്ടുമത്രെ. പാർട്ട് ടൈമായി ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് മണിക്കൂറിനാണ് പലപ്പോഴും പൈസ.