മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് ഈ മാസം 25ലേക്ക് മാറ്റി. വെള്ളിയാഴ്ച മണ്ണാർക്കാട് പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. പുതുതായി നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടർ ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രൻ, അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ എന്നിവർ കോടതിയിൽ ഹാജറായി.
കേസിന്റെ വിശദ പഠനത്തിനായി പ്രോസിക്യൂട്ടർ രണ്ടാഴ്ച സമയം ചോദിച്ചെങ്കിലും എല്ലാ ആഴ്ചയിലും കേസ് സംബന്ധിച്ച പുരോഗതി ഹൈകോടതിയെ അറിയിക്കേണ്ടതിനാൽ കോടതി അനുവദിച്ചില്ല. കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ ചിലതിൽ സാങ്കേതിക തകരാർ കാണുന്നുണ്ടെന്നും കുറ്റപത്രത്തിന്റെ പകർപ്പ് വ്യക്തതയില്ലാത്തതാണെന്നും പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടി. പ്രതികളും കോടതിയിൽ ഹാജറായിരുന്നു.
കേസിൽ നല്ല പ്രതീക്ഷയുണ്ടെന്നും പൊലീസ് ശാസ്ത്രീയമായും മറ്റും കൃത്യമായ തെളിവ് ശേഖരണം നടത്തിയിട്ടുണ്ടെന്നും മധുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ കഴിയുമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേന്ദ്രൻ പറഞ്ഞു. നിലവിൽ ഹാജറായ പ്രോസിക്യൂഷനിൽ പൂർണ വിശ്വാസമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ പറഞ്ഞു.കേസിൽ നേരത്തേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തൽക്കാലം വേണ്ടെന്നുവെക്കുകയാണെന്നും സഹോദരി പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. അടുത്ത ചൊവ്വാഴ്ചയാണ് മധുവിന്റെ നാലാം ചരമ വാർഷികം.