കൽപറ്റ: വയനാട്ടിലെ ദുരിതബാധിതരുടെ അനുഭവങ്ങൾ കേട്ട് വിങ്ങിപ്പൊട്ടി ദുരിത മേഖലയിലെത്തിയ വനംമന്ത്രി എകെ ശശീന്ദ്രൻ. ദുരന്തത്തിൽ കാണാതായ നാസറിന്റെ മകനെ ചേർത്തുപിടിച്ചാണ് മന്ത്രി വിതുമ്പിയത്. ”ഇത് കണ്ടിട്ട് എന്താണ് പറയുക? വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂ. നമക്കൊക്കെ ഇത്രയും പ്രയാസമുണ്ടെങ്കിൽ അവർക്കൊക്കെ എത്ര പ്രയാസമുണ്ടാകും? എനിക്കെല്ലാവരോടും പറയാനുള്ളത് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക, അവർക്ക് വേണ്ടി പ്രവർത്തിക്കുക സഹായിക്കുക. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ഇത്രയേ ആയുസ്സുള്ളൂ എന്ന് നമുക്കൊക്കെ മനസ്സിലായല്ലോ.’ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇതുപോലെ എന്ത് ദുരന്തമാണ് ഉണ്ടാകാൻ പോവുകയെന്ന് ആർക്കാണ് പറയാൻ കഴിയുകയെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.