കോഴിക്കോട്: നാട് മുഴുവന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മനമുരുകി കഴിയുമ്പോള്‍ ആ സാഹചര്യം പോലും ചൂഷണം ചെയ്യുന്ന മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായ ഗൃഹനാഥന്റെ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടമായ സംഭവത്തിന് പിന്നാലെ കോഴിക്കോട് നാദാപുരം വിലങ്ങാട് നിന്നും സമാനമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ മോഷണത്തിന് ഇറങ്ങിയിരിക്കുന്നത്. നാദാപുരം മലയങ്ങാട് കഴിഞ്ഞ ദിവസം വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷ്ടിക്കപ്പെട്ടു. ബാബു എന്നയാളുടെ മുപ്പതോളം തെങ്ങില്‍ നിന്നും തേങ്ങ പറിച്ചുകൊണ്ടുപോയി. വിലങ്ങാട് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. കാര്‍ഷിക വിളകളും മറ്റും വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെതിരെ നാട്ടുകാര്‍ വളയം പൊലീസില്‍ പരാതി നല്‍കി. നേരത്തെ മലയങ്ങാട് കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്നും പണം മോഷ്ടിച്ചിരുന്നു.