പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്നും നീതിപുലരുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലാണ് ലാലു പ്രസാദ് യാദവിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. പിന്നാലെ പ്രയങ്കക്ക് നന്ദിയുമായി ലാലുവിന്റെ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
1990കളിൽ ലാലു മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഫണ്ടിൽ നിന്ന് കാലിത്തീറ്റക്ക് 139.35 കോടി രൂപ അനധികൃതമായി പിൻവലിച്ചുവെന്നാണ് കേസ്. എന്നാൽ പ്രതിപക്ഷ നേതാക്കളെ ഭരണകക്ഷിയായ ബി.ജെ.പി ഉപദ്രവിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ‘തങ്ങളുടെ മുമ്പിൽ മുട്ട് മടക്കാത്തവരെ എല്ലാ വിധത്തിലും പീഡിപ്പിക്കലാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നയം. ഇത് തന്നെയാണ് ലാലു പ്രസാദ് യാദവ് ആക്രമിക്കപ്പെടുന്നതിന്‍റെ കാരണം. അദ്ദേഹത്തിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ’ -പ്രിയങ്ക ട്വീറ്റ് ചെയ്തു. പിന്നാലെ നന്ദിയുമായി തേജസ്വി രംഗത്തെത്തി. ജനങ്ങളെ അടിച്ചമർത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നവരോട് ലാലു പ്രസാദ് യാദവ് എന്നും പോരാടിയിട്ടുണ്ടെന്നും ഞങ്ങൾ സംഘികളെ ഭയപ്പെടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.