ചെന്നൈ: വന്യജീവി കടത്തുസംഘവുമായി ബന്ധമുള്ള മുൻ പൊലീസുകാരന്റെ വീട്ടിൽ നിന്ന് 647 വന്യജീവികളെ റെയ്ഡിൽ കണ്ടെടുത്തു. മുൻ പൊലീസ് കോൺസ്റ്റബിളായിരുന്ന എസ് രവികുമാറിന്റെ (41) ചെന്നൈയിലെ വീട്ടിലാണ് കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തിയത്. കുരങ്ങുകൾ, നക്ഷത്ര ആമകൾ, പരുന്ത്, കടലാമകൾ എന്നീ മൃഗങ്ങളെയാണ് കണ്ടെത്തിയത്. പലതും ചത്ത നിലയിലായിരുന്നു. അലങ്കാര മത്സ്യ കൃഷിക്കാണെന്ന വ്യാജേനയാണ് ഇയാൾ വീട് വാടകക്കെടുത്തതെന്നും കസ്റ്റംസ് പറയുന്നു. മിക്ക സമയത്തും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാളും ഭാര്യയും ജോലിക്കാരും മാത്രമാണ് വീട്ടിൽ വന്നിരുന്നത്.
വന്യമൃഗങ്ങളെ സൂക്ഷിക്കാനുള്ള ഇടത്താവളമായിരുന്നു വീടെന്നും ഓൺലൈൻ മുഖേന മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവയെ കടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നായകൾ പതിവായി കുരക്കാറുണ്ടെങ്കിലും ഇത്രയും മൃഗങ്ങളെ പാർപ്പിച്ചിരുന്ന കാര്യം അറിയാമായിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു. പിടിച്ചെടുത്ത മൃഗങ്ങളെ വണ്ടല്ലൂർ മൃഗശാലയിലേക്ക് മാറ്റി. വന്യമൃഗങ്ങളെ കടത്തുന്ന സംഘത്തിൽപ്പെട്ട രവികുമാറിനെ മേയിലാണ് അറസ്റ്റ് ചെയ്തത്.