കൊച്ചി: അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത്, ബുദ്ധിമുട്ടിക്കാൻ അല്ല. കാലം കുറെ കടന്ന് പോയെന്നും ജനങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷകൾ പരിഗണിക്കുന്നതിൽ ഒരു കാലതാമസവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ അദാലത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് തദ്ദേശ അദാലത്ത് നടക്കുന്നത്. എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) ഇന്നും കൊച്ചി കോ൪പ്പറേഷൻതല അദാലത്ത് നാളെയും നടക്കും. എറണാകുളം നോർത്ത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും നടക്കുന്നത്. പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികളും പുതിയ പരാതികളും അദാലത്തിൽ ഉന്നയിച്ച് പരിഹാരം കാണാം. അദാലത്തിലേക്കുള്ള അപേക്ഷ അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുൻപ് വരെയാണ് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം.