ഡിട്രോയിറ്റ്: സന്നദ്ധ സംഘടന ഒരുക്കിയ കോടതി സന്ദർശനത്തിൽ ഭാഗമായ സ്കൂൾ വിദ്യാർത്ഥിനിയായ 15കാരി ഉറങ്ങിപ്പോയതിന് പിന്നാലെ ജയിൽ പുള്ളിയുടെ വസ്ത്രവും കൈവിലങ്ങും അണിയിക്കാൻ നിർബന്ധിച്ച ജഡ്ജിക്കെതിരെ നടപടി. അമേരിക്കയിലെ ഡിട്രോയിറ്റാണ് സംഭവം. ഡിട്രോയിറ്റിലെ ജില്ലാ കോടതി ജഡ്ജ് കെന്നത്ത് കിംഗിനെതിരെയാണ് നടപടി. ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കോടതിയിലെത്തിയ 15കാരി ഉറങ്ങിപ്പോയതിന് പിന്നാലെയാണ് 15കാരി ഇവാ ഗോഡ്മാനെ ജയിൽ പുള്ളിയുടെ വേഷവും കൈവിലങ്ങും അണിയിക്കാൻ ജഡ്ജ് നിർദ്ദേശിക്കുകയായിരുന്നു. കയാക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവ അടക്കം കഴിഞ്ഞെത്തിയ 15കാരിയാണ് കോടതി മുറിയിൽ വച്ച് ഉറങ്ങിപ്പോയത്.
ജഡ്ജിന്റെ നടപടി വിവാദമായതിന് പിന്നാലെയാണ് ജഡ്ജിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത്. ചീഫ് ജഡ്ജ് വില്യം മക്കോണിയോ ആണ് വിവാദ സമീപനം സ്വീകരിച്ച ജഡ്ജിയെ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയതായി വ്യക്തമാക്കിയത്. ഈ ജഡ്ജിക്ക് പെരുമാറ്റ പരിശീലനം നകുമെന്നും ചീഫ് ജഡ്ജ് വിശദമാക്കി. മേഖലയിലെ സ്കൂളുകളുമായി മികച്ച ബന്ധം പുലർത്തുന്നതിനിടെ ഇത്തരമൊരു സംഭവമുണ്ടായത് അപലപനീയമാണെന്നും ചീഫ് ജഡ്ജ് വിശദമാക്കി.
ഒരു കുട്ടിയോട് എങ്ങനെയാണ് ഒരു കോടതി ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് നേരത്തെ ഇവാ ഗോഡ്മാന്റെ മാതാവ് പ്രതികരിച്ചത്. സുഹൃത്തുക്കൾക്കും മറ്റ് സഹപാഠികൾക്കും മുൻപിൽ വച്ച് സമാനതകളില്ലാത്ത അപമാനമാണ് 15കാരിക്കുണ്ടായതെന്നാണ് കുടുംബം പ്രതികരിക്കുന്നത്.
താനൊരു പാവയല്ലെന്നും താനിവിടെ തമാശയ്ക്ക് വന്നിരിക്കുകയല്ലെന്നുമുള്ള പരാമർശങ്ങളോടെയാണ് കോടതിമുറി സന്ദർശനത്തിനിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിയെ തടവ് പുള്ളിയുടെ വേഷം ധരിപ്പിക്കാൻ ജഡ്ജി ആവശ്യപ്പെടുന്നത്. ഇതിന്റെ വീഡിയ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോടതിമുറി ഗൌരവകരമായ ഇടമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു നടപടിയെന്നാണ് ജഡ്ജിയുടെ മറുവാദം.