തിരുവനന്തപുരം : സി പി എം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിൻ മേൽ ഇന്ന് സംസ്ഥാന സമിതി യോഗത്തിൽ ചർച്ച. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും സംസ്ഥാന സമിതി യോഗത്തിൽ കരട് റിപ്പോർട്ട് അവതരിപ്പിക്കുക. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങൾ ആണുള്ളത്. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചർച്ചയ്ക്ക് ശേഷം സമിതി റിപ്പോർട്ട് അന്തിമ രൂപം നൽകും. പാർട്ടിയിൽ വിഭാഗീയത അവസാനിച്ചെന്ന് പറയുന്ന കരട് റിപ്പോർട്ട് പക്ഷേ സംഘടനാ പ്രശ്നങ്ങൾ ബാക്കിയുണ്ടെന്ന് ചൂണ്ടികാട്ടുന്നു. വിഭാഗിയത അവസാനിച്ചെങ്കിലും ചില ജില്ലകളിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നെന്ന് കരട് റിപ്പോർട്ട് പറയുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് കൂടുതലായും സംഘടനാ പ്രശ്നങ്ങൾ ഉള്ളതെന്നാണ് കരട് റിപ്പോർട്ട് പറയുന്നത്.